Wednesday, August 14, 2013

"സമാധാനം" എന്ന " സാധനം "

വിരസമായ പകലിനു വിലക്ക് കൽപ്പിച്ചുകൊണ്ട് ഇന്നത്തെ പകൽ തിരശീലയിൽ നിന്നും മറഞ്ഞു. ഓഫീസ് മുറിയിൽനിന്നും പുറത്തേക്കിറങ്ങി അവൻ ഒരു നിമിഷം നിന്നു, അൽപ്പം ശുദ്ധവായു ശ്വസിക്കാനെന്നപോലെ. വീണ്ടും ഒരു പകൽ  അവസാനിച്ചിരിക്കുന്നു. കംപ്യൂട്ടറും ഫയലുകളും മെയിലുകളും ഒന്നുമില്ലാത്ത വിശാലമായ ഒരു ഭ്രാന്തൻ സായാഹ്നം. വ്യഗ്രമായ  മനസുമായി അവൻ റോഡിലേക്കിറങ്ങി. അടുത്തുവന്നുനിന്ന ഓട്ടോക്കാരനോട് സീറ്റിൽ കയറിയിരുന്നു പറഞ്ഞു " അൽപ്പം സമാധാനം കിട്ടുന്ന സ്ഥലത്തേക്ക് വിട്...." അയാൾ ഒന്നു തിരിഞ്ഞുനോക്കി മീറ്റർ സ്റ്റാർട്ടിലിട്ടു . പാതകളെ പിന്നിട്ട് ശകടം ഓടിത്തുടങ്ങി. ഇരുട്ട് വീണ പാതയോരങ്ങളിൽ പലരും എന്നെപോലെ സമാധാനം അന്വേഷിച്ചിറങ്ങിയവരാകുമെന്നു ഞാൻ ആത്മഗതം ചെയ്തു. വലിയ ഒരു ചുവന്ന ബോർഡിനു മുൻപിൽ വണ്ടി നിന്നു. " എത്രയാ..." ? ഞാൻ ചോദിച്ചു. 2o രൂപ നീട്ടിയ കയ്യിൽ വച്ച് ഞാൻ അകത്തേക്ക് കയറി. ഇരുണ്ട ആ മുറിയിൽ സമാധാനത്തിന്റെ മാറ്റൊലി എനിക്ക് കേൾക്കാമായിരുന്നു. ഒഴിഞ്ഞ കോണിലെ ഒരു ടേബിളിൽ ഞാൻ ഇരുന്നപ്പോഴെക്കും, ഒരു ചോദ്യമെത്തി, " സർ..ഓർഡർ.."?. ഞാൻ മൊഴിഞ്ഞു " സ്ഥിരം ബ്രാൻഡ് 3 എണ്ണം , ഐസും പിന്നെ സോഡയും..." നിമിഷങ്ങൾക്കുള്ളിൽ "സമാധാനം" എന്റെ മുൻപിലെത്തി. ഒറ്റയടിക്ക് ആദ്യത്തെ ഗ്ലാസ് കാലിയാക്കി അച്ചാർ തൊട്ടു നാക്കിൽ വച്ചപ്പോൾ എന്റെ സിരകളിലേക്ക് തീ ഒഴുകുന്നത്‌ ഞാൻ അറിഞ്ഞു. എല്ലാം കാലിയാക്കി ബില്ലും കൊടുത്ത് അവിടെനിന്നിറങ്ങുമ്പോൾ കാലുകളുടെ ഇടർച്ച ഞാൻ അറിയുന്നുണ്ടായിരുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എനിക്കുചുറ്റും പറന്നു നടക്കുന്നത് അവ്യക്തമായ നിഴലുകൾ പോലെ എനിക്ക് കാണാമായിരുന്നു ...

No comments:

Post a Comment