Saturday, July 13, 2013

ഗാലക്സി

ഗാലക്സിയിലെ പുതിയ നക്ഷത്രം.അതായിരുന്നുവേണുവിൻറെ  ഇന്നത്തെയും സംസാര വിഷയം. മദ്യം കർമ്മ നിരതനായി എന്നതിൻറെ  അടയാളമായിരുന്നു ആ സംഭാഷണത്തിൻറെ  തുടക്കം. രണ്ടാഴ്ച്ചയായി ഈ ക്ഷീരപഥം ഒരു സ്ഥിരം സംസാര വിഷയമായി തുടങ്ങിയിട്ട്.

ടെലസ്കോപ്പിക് നിരീക്ഷണത്തിൻറെ  ഉൾപൊരുളുകളുടെ ഗ്രന്ഥക്കെട്ട് വേണു പുറത്തെടുത്തു നിവർത്തി. അത് ചുരുള ഴിക്കുന്നതിനോട് എനിക്ക് അശ്ശേഷം താൽപ്പര്യമില്ലായിരുന്നു, പക്ഷെ മറ്റു പോംവഴികളില്ലായിരുന്നു. ക്ഷീരപഥത്തിൽ ഉടലെടുത്ത പുതിയനക്ഷത്രം വിശേഷണങ്ങളുടെ   അകമ്പടിയോടെ ജൈത്രയാത്ര നടത്തുമ്പോൾ, ആളുകൾ ശ്രദ്ധിക്കുന്ന വിവരം ഞാൻ വേണുവിനെ അറിയിക്കനാകാതെ വിഷമിച്ചു.
                         വര: ബിജു 


അയാൾ പറയുന്നതിൽനിന്ന് ഏതാണീ പുതിയ നക്ഷത്രം എന്നെനിക്ക് മനസിലാക്കുവാൻ സാധിച്ചില്ല.ഗാലക്സിയിൽ പുതിയ നക്ഷത്രങ്ങൾ ഉദിക്കുന്നുണ്ടെന്നും പഴയവ പലതും നശിക്കുന്നുണ്ടെന്നും അയാൾ പറയാറുണ്ടായിരുന്നു .നാലാമത്തെ ഫുള്ളിൻറെ മൂടും കണ്ടശേഷമേ വേണു എഴുനേറ്റുള്ളൂ, അപ്പോഴും ഗലക്സിയും അതിലെ പുതിയ നക്ഷത്രവും അയാളുടെ നാവിൽ വാചാലമായി കിടന്നിരുന്നു.ബിസിനസ് ആവശ്യത്തിനായി വേണുവിൻറെ നഗരത്തിൽ എത്തിയതായിരുന്നു ഞാൻ. എൻറെ ആവശ്യങ്ങൾ നിവർത്തിച്ചശേഷം വീണ്ടും ഞങ്ങൾ ഒത്തുകൂടി. എന്നെ യാത്രയാക്കാൻ വന്നയുടനെ വേണു പറഞ്ഞു" വാ...സ്കൂട്ടറിൽ കയറ്; നിനക്ക് ഞാൻ ഗാലക്സിയിലെ പുതിയ നക്ഷത്രത്തെ കാണിച്ചുതരാം". അത്യാവശ്യം ആകാംഷക്ക്‌ വഴിമാറിയപ്പോൾ ഞാൻ അയാളുടെ പിറകിൽകയറി. സ്കൂട്ടർ വളവും തിരിവും കഴിഞ്ഞ് ഓടിക്കൊണ്ടിരുന്നു. ആ ഊടുവഴികളിലൂടെയുള്ള യാത്ര അവസാനിച്ചത്‌ ഒരു ടെറസ് വീടിൻറെ മുൻപിലായിരുന്നു. സ്കൂട്ടറിൽ നിന്നിറങ്ങിയ വേണു ആഹ്ലാദത്തിലാണെന്ന് അവൻറെ മുഖം വിളിച്ചോതി. വേണു എന്നെ അടുത്ത് വിളിച്ചുനിർത്തി വിരൽ ചൂണ്ടിക്കാണിച്ചു. ആ വിരലിൻറെ അന്ത്യത്തിൽ ഒരു ജനാലയായിരുന്നു, അതിനുമപ്പുറം ഒരു പെണ്‍കുട്ടിയും; പ്രകാശിക്കുന്ന ഒരു പെണ്‍കുട്ടി. 

എൻറെ വണ്ടി വൈകും എന്നവിവരം പറയുംവരേക്കും അവൻ സ്വപ്ന ലോകത്തായിരുന്നു. വീ ണ്ടും സ്കൂട്ടറിൽ കയറി  റെയിൽവേ സ്റ്റെഷനിലെക്ക്. ഇളകുന്ന തീവണ്ടിയുടെ ഇരുണ്ട കമ്പാർട്ട്മെൻറിൽ ഇരിക്കുമ്പോഴും എ ചിന്ത മറ്റൊന്നായിരുന്നു " ആരാണീ  ജ്വലിക്കുന്ന പെണ്‍കുട്ടി..?". അന്ന് രാത്രിയിലെ എൻറെ സ്വപ്നങ്ങളിൽ വേണുവും അവൻറെ.പൂന്തോട്ടവും ആ ടെറസ് വീടും, ജ്വലിക്കുന്ന പെണ്‍കുട്ടിയും വിവിധ വേഷങ്ങളിൽ എൻറെ മുൻപിൽ അണിനിരന്നു. അവർക്കു മുൻപിൽ ഞാൻവെറുമൊരു കാഴ്ച്ചക്കാ-രനായിരുന്നു .

ഞാൻ വീട്ടിൽചെന്ന അന്നുരാത്രി ഫോണിൻറെ നിർത്താതെയുള്ള കരച്ചിലിനു ശമനം നൽകിയപ്പോൾ മറുപുറത്ത് വേണുവായിരുന്നു . പ്രാഥമിക അന്വേഷണങ്ങൾക്കൊന്നും മറുപടി നൽകാതെ അവൻ ഗാലക്സിയിലെ പുതിയ നക്ഷത്രത്തിൻറെ വിശേഷത്തിലേക്ക് കടന്നു. എനിക്ക് താൽപ്പര്യമുണ്ടെന്നുകരുതി അവൻ പറഞ്ഞു കാടുകയറുകയാണ്, പിന്നെ ഒരു വിധത്തിൽ അതൊന്നവസാനിപ്പിച്ചു. പിറ്റേദിവസം രാത്രിയും വന്നു വേണുവിൻറെ കോൾ, വിഷയത്തിനു വ്യത്യാസമൊന്നുമില്ല, തലേ ദിവസത്തിൻറെ ആവർത്തനം. പക്ഷെ ഇപ്രാവശ്യം അത് കഠിനവും സമയദൈർഘ്യമേറിയതുമായിരുന്നു. പക്ഷെ പണ്ടേ ക്ഷമാശീലനായിരുന്നതിനാൽ ഞാൻ മറുത്തൊന്നും പറഞ്ഞില്ല. ഇതൊരു തുടർകഥയായപ്പോൾ ഞാൻ ഫോണെടുക്കൽ നിർത്തി. ആദ്യമാദ്യം അക്ഷമനായിരുന്ന ഫോണ്‍ പിന്നീട് ക്ഷമാശീലനായി, പിന്നെ കരച്ചിലെ ഇല്ലാതായി. മൂന്നുമാസം, വേണുവിൻറെ യാതൊരു വിവരവുമില്ലാതെ ഓടിയകന്നു.

മൂന്നുമാസത്തിന് ശേഷം ബിസിനസ് ആവശ്യത്തിന്  അവൻറെ നഗരത്തിലെത്തിയ എനിക്ക് അവനെ കണ്ടുപിടിക്കാൻ വളരെ വിഷമിക്കേണ്ടിവന്നു. അവസാനം ഒരു ബാറിൻറെ ഇരുണ്ടമൂലയിൽ ഒഴിഞ്ഞ കുപ്പികൾക്കിടയിൽ ഏകാന്തവിഷാദചിത്തനായ വേണുവിനെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. കാര്യം തിരക്കിയപ്പോൾ അവൻ ഒന്നും പറഞ്ഞില്ല, പകരം കുപ്പിയിലെ ബാക്കികൂടി വായിലേക്ക് കമിഴ്ത്തി എൻറെ കയ്യുംപിടിച്ചു പുറത്തിറങ്ങി. പഴയ സ്കൂട്ടർ, പഴയ പാത, എന്നിലെ ഭയം അൽപ്പാൽപ്പമായി തലപൊക്കിതുടങ്ങിയിരുന്നു. അവസാനം ആ യാത്ര അവസാനിച്ചത് ആ പഴയ വീടിന് മുൻപിലായിരുന്നു, പക്ഷെ അവിടം ശൂന്യമായിരുന്നു. ആൾവാസമില്ലാത്ത പോലെ. അൽപ്പനിമിഷം പോലും അവനവിടെ നിൽക്കാൻ ഇഷ്ടപ്പെട്ടില്ല, വീണ്ടും അവൻ എന്നെ ആ പഴയ സ്ഥലത്ത് കൊണ്ടുവന്നിറക്കി വിട്ടു. ഒരക്ഷരം  പറയാതെ സ്കൂട്ടറുമായി മറഞ്ഞു. എനിക്കൊന്നും മനസിലായില്ല.

തിരിച്ച് വീട്ടിലെത്തിയ എനിക്ക് അൽപ്പംപോലും മനസമാധാനം കിട്ടിയില്ല. എൻറെ ചിന്തകൾ പലവഴിക്ക് ചീറിപ്പാഞ്ഞു , " എന്താണിതിനൊക്കെ അർത്ഥം, എവിടെ ആ ജ്വലിക്കുന്ന പെണ്‍കുട്ടി ....."???

വൈകുന്നേരം ഫോണിൻറെ നിർത്താതെയുള്ള റിംഗ്, ഞാൻ യാതൊരു മുൻവിധിയുമില്ലാതെ ഫോണെടുത്തു. അത്ഭുതമെന്നു പറയട്ടെ, അത് വേണുവായിരുന്നു. ഇപ്പ്രാവശ്യം അവൻ ഗാലക്സിയിലെ നക്ഷത്രങ്ങളെക്കുറിച്ച്  വാചാലനായില്ല. പക്ഷെ അവൻറെ സംസാരത്തിൽ നിന്ന് എനിക്കൊരു കാര്യം മനസിലായി, ആ ജ്വലിക്കുന്ന നക്ഷത്രം ഗാലക്സിയിലെവിടയോ മറഞ്ഞിരിക്കുന്നു. ആ രാത്രിയിൽ എൻറെ സ്വപ്‌നങ്ങൾക്ക്  നിറം മങ്ങിയിരുന്നു, വേണുവിൻറെ പൂന്തോട്ടത്തിലെ പൂക്കളെല്ലാം വാടിയിരുന്നു, ഒപ്പം ഗാലക്സിയിലെ നക്ഷത്രത്തിൻറെ അസാനിധ്യവും ഉണ്ടായിരുന്നു.

No comments:

Post a Comment